
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) എൻ.സി.പി.ഒ.ആർ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ സയൻസസ്, ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളർ ആൻഡ് ഓഷൻ റിസർച്ച് (എൻ.സി.പി.ഒ.ആർ), ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യ (ഒ.എസ്.ഐ) എന്നിവയുടെ സഹകരണത്തോടെ കുസാറ്റ് സ്കൂൾ ഓഫ് മറൈൻ സയൻസസിൽ പോളാർ ആൻഡ് ഓഷ്യൻ വീക്ക് ആചരിച്ചു.
കൊച്ചി റീജിയണൽ സെന്റർ സി.എസ്.ഐ.ആർ–നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ (എൻ.ഐ.ഒ) സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോ. ആർ. ജ്യോതിബാബു ഉദ്ഘാടനം നിർവഹിക്കുകയും, 'സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുന്നതിൽ സമുദ്രശാസ്ത്രത്തിന്റെ പ്രയോജനങ്ങൾ' എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തുകയും ചെയ്തു. സമുദ്ര പരിസ്ഥിതികളുടെ നിലനില്പിനും സംരക്ഷണത്തിനും ആവശ്യമായ ശാസ്ത്രീയ സമീപനങ്ങളെക്കുറിച്ചും, അതിനുവേണ്ട നടപടികളെക്കുറിച്ചും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പ്രതിപാദിച്ചു.
മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വിഭാഗം മേധാവിയും, കുസാറ്റ്-എൻ.സി.പി.ഒ.ആർ പോളർ ആൻഡ് ഓഷ്യൻ സയൻസസ് സെന്റർ അക്കാഡമിക് കോർഡിനേറ്ററുമായ ഡോ. സുനിൽ പി. എസ്. അധ്യക്ഷനായിരുന്ന ചടങ്ങിൽ, മറൈൻ ബയോളജി വിഭാഗം മേധാവി പ്രൊഫ. സജീവൻ ടി. പി., ഡോ. പ്രിയജ പി., പ്രോഗ്രാം കൺവീനർ ശ്രീമതി ബിജി കൃഷ്ണൻ എന്നിവർ സംസാരിച്ചു.
ചടങ്ങിന്റെ ഭാഗമായി ക്വിസ് മത്സരം, പെയിന്റിംഗ് മത്സരം, പോളർ ആൻഡ് ഓഷ്യൻ സയൻസസുമായി ബന്ധപ്പെട്ട എക്സിബിഷൻ തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും എറണാകുളത്തും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള സ്കൂൾ, കോളേജ്, സർവകലാശാല വിദ്യാർത്ഥികളിൽ നിന്നും സജീവമായ പങ്കാളിത്തം ലഭിക്കുകയും ചെയ്തു.
പോളാർ, സമുദ്ര പരിസ്ഥിതികളുടെ അത്യന്തം പ്രധാനപ്പെട്ട പങ്കും അവ നേരിടുന്ന വെല്ലുവിളികളും അവ സംരക്ഷികേണ്ടതിന്റെ അടിയന്തിര ആവശ്യത്തെ സംബന്ധിച്ച ബോധവൽക്കരണം സൃഷ്ടിക്കുക എന്നതായിരുന്നു പോളാർ ആൻഡ് ഓഷ്യൻ വീക്ക് ആചരണത്തിന്റെ പ്രധാന ലക്ഷ്യം . വിദ്യാർത്ഥികൾക്ക് പരിസ്ഥിതികളുടെ നിലനിൽപ്പിനായി ധ്രുവ, സമുദ്ര മേഖലകളുടെ പ്രാധാന്യത്തെപ്പറ്റി മനസ്സിലാക്കാനും പോളാർ, സമുദ്ര പ്രദേശങ്ങളിലെ ഗവേഷണ-പ്രവർത്തനങ്ങളെ കുറിച്ച് അറിവ് നേടാനും ഈ പരിപാടി വഴിയൊരുക്കി.
Photo Courtesy - Google








